
ദോഹ: മേഖലയിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ മടക്കം ഉറപ്പാക്കാൻ ഇന്ത്യൻ എംബസി വിപുലമായ നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മാത്രം ആയിരത്തോളം ഇന്ത്യക്കാർ വിവിധ വിമാനങ്ങളിലായി ഖത്തറിൽ നിന്ന് തിരിച്ചു.
ഖത്തർ എയർവേയ്സുമായി സഹകരിച്ച് ന്യൂഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് അടിയന്തര സർവീസുകൾ നടത്തിയത്. ബുധനാഴ്ചയും (മാർച്ച് 11) ഡൽഹിയിലേക്ക് പ്രത്യേക വിമാനമുണ്ടാകും.വിമാനടിക്കറ്റ് ലഭിക്കാത്തവർക്കായി സൽവ അതിർത്തി വഴി സൗദി അറേബ്യയിലേക്ക് കടക്കാനുള്ള സൗകര്യം എംബസി ഒരുക്കിയിട്ടുണ്ട്. 96 മണിക്കൂർ ട്രാൻസിറ്റ് വിസ ഉപയോഗിച്ച് ഇവർക്ക് സൗദിയിലെത്തി അവിടെനിന്ന് നാട്ടിലേക്ക് പോകാം.ഖത്തറിൽ കുടുങ്ങിപ്പോയ ഇന്ത്യൻ ദേശീയ ബാസ്കറ്റ്ബോൾ ടീമിനെ സൗദി അറേബ്യ വഴി സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഖത്തർ-സൗദി അധികൃതരുടെ സഹകരണം ഇതിൽ നിർണ്ണായകമായി.ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC), ഐ.സി.ബി.എഫ് (ICBF) എന്നീ സംഘടനകൾ എംബസിയുമായി ചേർന്ന് പ്രവാസികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.ഇന്ത്യൻ എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാണ്. യാത്രയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും എംബസിയുടെ ഔദ്യോഗിക ഹെൽപ്പ്ലൈൻ നമ്പറുകളിലോ കമ്മ്യൂണിറ്റി സംഘടനകളിലോ ബന്ധപ്പെടാവുന്നതാണ്.











